കെപിസിസി പുന:സംഘടന ഉടൻ; യൂത്ത് കോൺഗ്രസിനും പുതിയ അധ്യക്ഷൻ വരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ്ണ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. കെപിസിസി അധ്യക്ഷ പദവിക്ക് പുറമെ മുഴുവൻ ഡിസിസി അധ്യക്ഷൻമാരും മാറും. വർക്കിങ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികളിലും മാറ്റമുണ്ടാവും. ജനറൽ സെക്രട്ടറിമാരിൽ നിന്നും വിജയിച്ച് വന്നവരെയും സ്ഥാനത്ത് നിന്നും മാറ്റിയേക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് മന്ത്രിയായതോടെ പദവിയിലേക്കും പുതിയ നിയമനം നടക്കും.
കെപിസിസി അധ്യക്ഷ പദവിയിൽ കണ്ണുനട്ട് ഒന്നിലധികം പേർ
സംസ്ഥാനത്ത് ഭരണം നടത്തുന്ന യുഡിഎഫ് മുന്നണിയെ നയിക്കുന്ന പാർട്ടിയായ കോൺഗ്രസിൻ്റെ അധ്യക്ഷസ്ഥാനത്തെത്താൻ ഒന്നലധികം പേരാണ് പരിശ്രമിക്കുന്നത്. മുതിർന്ന നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയാണ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നത്. ഇവർക്ക് പുറമേ മുൻ മന്ത്രിയും ഡിസിസി അധ്യക്ഷനുമായിരുന്ന വി എസ് ശിവകുമാറും കളത്തിലിറങ്ങിയിട്ടുണ്ട്.തൻ്റെ സീനിയോറിറ്റി പരിഗണിക്കാതെ വി ഡി സതീശന് മുഖ്യമന്ത്രി പദവി നൽകിയത് കൊണ്ട് തന്നെ തൻ്റെ നോമിനിയായ ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിയമിക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ട് വെയ്ക്കുന്ന വാദം. എന്നാൽ സംഘടനാ പ്രവർത്തനം ചടുലമാകണമെങ്കിൽ മുൻ യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബെഹനാനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ട് വരണമെന്ന് പഴയ എ ഗ്രൂപ്പിലെ ചിലർ വാദമുയർത്തുന്നു.
ഇതിനിടയിൽ എംപിയും മുതിർന്ന നേതാവുമായ കൊടിക്കുന്നിൽ സുരേഷും രംഗത്തിറങ്ങിക്കഴിഞ്ഞു. മുതിർന്ന നേതാക്കളെ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് അദ്ദേഹമുള്ളത്. ഒരു ഗ്രൂപ്പിൻ്റെയും പിന്തുണ അവകാശപ്പെടാത്ത അദ്ദേഹം തൻ്റെ സീനിയോറിറ്റിയും പ്രവർത്തന പരിചയവും കണക്കിലെടുക്കണമെന്ന വാദമാണ് മുന്നോട്ട് വെയ്ക്കുന്നത്.
ലക്ഷ്യം സംഘടനയുടെ ഉടച്ച് വാർക്കൽ
യുഡിഎഫ് ഭരണത്തിലേറിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സിപിഎം - ബിജെപി കക്ഷികൾ രക്തരൂക്ഷിത സമരങ്ങൾ ആസൂത്രണം ചെയ്യാനുള്ള സാധ്യത ഏറയാണെന്നും അതുകൊണ്ട് തന്നെ സംഘടനയെ ശക്തിപ്പെടുത്ഥതണമെന്നുമാണ് പാർട്ടി നേതൃത്വത്തിൻ്റെ പ്രാഥമിക നിഗമനം. സംഘടനാ സംവിധാനത്തിൻ്റെ നിർണായക സ്ഥാനം അലങ്കരിച്ച പലരും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎമാരും മന്ത്രിമാരുമായി മാറിയതോടെ സംഘടനാ ഭാരവാഹിത്വത്തിൻ്റെ ഉത്തരവാദിത്വം പൂർണ തോതിൽ വഹിക്കാൻ അവർക്ക് സമയം കണ്ടെത്താനാവില്ല.അതുകൊണ്ട് തന്നെ വിജയിച്ച് എംഎൽഎയായവർക്ക് പകരം പുതിയ ആളുകളെ സംഘടനാ രംഗത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ഗൗരവമായാണ് പാർട്ടി പരിഗണിക്കുന്നത്.