"പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിൽ ":കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം
കൊല്ലം :തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി പുകയുന്നു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ കൊല്ലം കരുനാഗപ്പള്ളിയിൽ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. വ്യക്തിപൂജയ്ക്ക് സമാനമായ തിരുവാതിരക്കളി പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിപ്പെട്ടു.കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ എം.വി. ഗോവിന്ദൻ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും, എല്ലാ ജില്ലകളിലും ഏകാധിപതികളെപ്പോലെ പ്രവർത്തിക്കുന്ന നേതാക്കൾ വളർന്നുവന്നിട്ടുണ്ടെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. അതിനിടെ, ഡൽഹിയിൽ തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ ഭൂരിപക്ഷ തീരുമാനപ്രകാരം പോളിറ്റ് ബ്യൂറോ അനുമതി നൽകിയതായി നേതൃത്വം റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കരുതെന്ന് അഞ്ചിലധികം അംഗങ്ങൾ പിബിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ, ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും ഇതിൽ ഇനി പുനഃപരിശോധന ഉണ്ടാകില്ലെന്നും ജനറൽ സെക്രട്ടറി യോഗത്തെ അറിയിച്ചു.
ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാത്ത സാഹചര്യത്തിൽ ഡൽഹിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലെ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന പിബിയുടെ വിലയിരുത്തൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സർക്കാരിനെതിരെ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ല. എന്നാൽ, ഒരു മാറ്റം വേണമെന്ന ജനവികാരം മുൻകൂട്ടി മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. സർക്കാരിനെതിരായ യുഡിഎഫിന്റെ ആസൂത്രിത പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയും പാർട്ടി വിട്ടുപോയവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ല. സംസ്ഥാനത്തെ സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കാൻ വിശാലമായ കൂടിയാലോചനകൾ ആവശ്യമാണ്. പരാജയത്തിന്റെ പശ്ചാത്തലത്തിൽ താഴെത്തട്ടു മുതൽ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി തുടങ്ങിയതായി കേരള ഘടകം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സിസി യോഗത്തിൽ കേരളത്തിലെ നേതാക്കൾക്കിടയിലെ വ്യത്യസ്ത നിലപാടുകൾ പരസ്യമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.