സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡൻ്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സും വിവിധ മേഖലകളിലെ സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, ഉന്നത വിദ്യാഭ്യാസം, കുടിയേറ്റം, ഭീകരവിരുദ്ധ പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്.മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നായ സൈപ്രസും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് പുതിയ കരാറുകളെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.സാങ്കേതികവിദ്യയും ബഹിരാകാശ ഗവേഷണവുംനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇതിൻ്റെ ഭാഗമായി ഇന്നൊവേഷൻ ആൻഡ് ടെക്നോളജി മേഖലയിൽ ധാരണാപത്രം ഒപ്പുവച്ചു. ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ഇരുനേതാക്കളും വിലയിരുത്തി.
സുരക്ഷിതമായ നിർമിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിൽ സംയുക്ത ഗവേഷണ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനിച്ചു. ആഗോള സാമ്പത്തിക പുരോഗതിക്കും സുരക്ഷയ്ക്കും ബഹിരാകാശ മേഖല നിർണായകമാണെന്ന് യോഗം വിലയിരുത്തി. ഇന്ത്യയുടെ 2023ലെ ബഹിരാകാശ നയം സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ വലിയ അവസരങ്ങൾ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സൈപ്രസിലെ ഇറാറ്റോസ്തനീസ് സെൻ്റർ ഓഫ് എക്സലൻസും ഇന്ത്യയുടെ ഇൻ-സ്പേസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.വിദ്യാഭ്യാസം, തൊഴിൽ, നയതന്ത്രം
അക്കാദമിക മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ-ഗവേഷണ രംഗത്തും പുതിയ ധാരണാപത്രം ഒപ്പുവച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇരുരാജ്യങ്ങളിലെയും സർവകലാശാലകളിൽ പഠനവും സംയുക്ത ഗവേഷണവും നടത്താൻ ഇത് അവസരമൊരുക്കും. നയതന്ത്ര ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകുന്നതിനായി ഇന്ത്യയിലെ സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും സൈപ്രസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഡിപ്ലൊമാറ്റിക് അക്കാദമിയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
നൈപുണ്യമുള്ള തൊഴിലാളികൾ, വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്ക് സുരക്ഷിതമായി തൊഴിൽ തേടാൻ സഹായിക്കുന്ന മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് അഗ്രിമെൻ്റിനായുള്ള ചർച്ചകൾ തുടരാനും സാമൂഹിക സുരക്ഷാ കരാറിനായുള്ള നടപടികൾ വേഗത്തിലാക്കാനും നേതാക്കൾ തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻ്റ്സ് ഓഫ് സൈപ്രസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാമ്പത്തിക, ബിസിനസ് മേഖലകളിൽ അക്കൗണ്ടൻ്റുമാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായകമാകും.
ഭീകരവാദത്തിനെതിരെ കർശന നിലപാട്
അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാവിധ ഭീകരപ്രവർത്തനങ്ങളെയും ഇരുനേതാക്കളും ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സൈപ്രസ് പ്രസിഡൻ്റ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 22ന് പഹൽഗാമിലും നവംബർ 10ന് ന്യൂഡൽഹി ചെങ്കോട്ടയ്ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച നേതാക്കൾ, ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഭീകരവാദികളെ നേരിടാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ സമഗ്രമായ നിയമം കൊണ്ടുവരണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.യുഎൻ, ഇയു എന്നിവർ വിലക്കിയ ഭീകരർക്കും സംഘടനകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം. തീവ്രവാദ സംഘടനകൾക്ക് ഫണ്ട് ലഭിക്കുന്നത് തടയാനും പുതിയ സാങ്കേതികവിദ്യകൾ ഭീകരർ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കാനും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഭീകരവാദത്തെ ഒട്ടും വച്ചുപൊറുപ്പിക്കില്ലെന്നും രാജ്യങ്ങൾ പിന്തുണയ്ക്കുന്ന ഭീകരവാദത്തെ അംഗീകരിക്കാനാകില്ലെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി.
വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി ജോയിൻ്റ് വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാൻ ധാരണാപത്രം ഒപ്പുവച്ചു. ഇതിൻ്റെ ആദ്യ യോഗം എത്രയും വേഗം ചേരാനും തീരുമാനമായി. സൈബർ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും സൈബർ സുരക്ഷാ ഡയലോഗ് ആരംഭിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.