ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രാജിവെച്ച് പ്രമുഖ ശബ്ദലേഖകനും ഓസ്കർ പുരസ്കാര ജേതാവുമായ റസൂൽ പൂക്കുട്ടി. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. അദ്ദേഹം കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് ഔദ്യോഗിക രാജിക്കത്ത് നൽകി.സിനിമയുമായി ബന്ധപ്പെട്ട രാജ്യാന്തര പ്രൊജക്റ്റുകളുടെ തിരക്കുകളാണ് രാജിക്കത്തിൽ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അക്കാദമിയുടെ പ്രവർത്തനങ്ങളിൽ പൂർണസമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക രാജിക്കത്ത് സർക്കാരിനും സാംസ്കാരിക വകുപ്പിനും അദ്ദേഹം നേരിട്ട് കൈമാറുകയായിരുന്നു.

പുതിയ അന്താരാഷ്ട്ര പ്രൊജക്റ്റുകളുടെ നിർമാണ ഭാഗമായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ വിദേശത്തടക്കം നിരവധി യാത്രകൾ വേണ്ടിവരും. ഈ സാഹചര്യത്തിൽ അക്കാദമിയുടെ ദൈനംദിന കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമൊഴിഞ്ഞാലും സിനിമ പുരോഗതിക്കായി അക്കാദമിയുമായി പൂർണമായി സഹകരിച്ച് പ്രയത്നിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണമാറ്റത്തിൻ്റെ കൂടെ ഈ ബുദ്ധിമുട്ടുകൾ കൂടി വന്നതാണ് സ്ഥാനം ഒഴിയുക എന്ന അന്തിമ തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

ചലച്ചിത്ര മേഖലയുടെ വളർച്ചയ്ക്കും അക്കാദമിയുടെ നവീകരണത്തിനുമായി പുതിയ ആശയങ്ങൾ പങ്കുവെക്കാൻ ചുരുങ്ങിയ കാലയളവിൽ അദ്ദേഹത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ മലയാള സിനിമയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന് ആവശ്യമായ മികച്ച ഇടപെടലുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. രാജ്യാന്തര ചലച്ചിത്രമേള ഉൾപ്പെടെയുള്ളവയുടെ സംഘാടനത്തിൽ കാലൊത്ത മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിരുന്നു.സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ഓസ്കർ പുരസ്കാരം നേടിയ അദ്ദേഹം നിരവധി രാജ്യാന്തര ചിത്രങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. അദ്ദേഹത്തിൻ്റെ വിപുലമായ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം മുൻ സർക്കാർ നൽകിയത്. തീരുമാനത്തോട് വലിയ രീതിയിൽ സഹകരിച്ച സർക്കാരിനും സാംസ്കാരിക വകുപ്പിനും ചലച്ചിത്ര പ്രവർത്തകർക്കും അദ്ദേഹം പ്രത്യേകമായി നന്ദി അറിയിച്ചു. വിദേശ സിനിമകളിലടക്കം ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ മലയാളത്തിലെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന നിരവധി ശിൽപശാലകൾ അദ്ദേഹം മുൻകൈയെടുത്ത് ഇവിടെ സംഘടിപ്പിച്ചിരുന്നു.

പുതിയ ചെയർമാൻ ഉടൻ

അക്കാദമിയുടെ പുതിയ ചെയർമാനെ സംബന്ധിച്ചുള്ള അന്തിമ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉടനുണ്ടാകും. വിവിധ തലങ്ങളിൽ ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. അധ്യക്ഷനായി സിനിമാരംഗത്തെ പല പ്രമുഖരുടെ പേരുകളും സംസ്ഥാന സർക്കാരിൻ്റെ സജീവ പരിഗണനയിലുണ്ട്. പ്രമുഖ നടൻമാരായ ജഗദീഷ്, സലിം കുമാർ, സംവിധായകൻ ദീപു കരുണാകരൻ തുടങ്ങിയവരാണ് ഉയർന്നുകേൾക്കുന്ന പേരുകൾ. ഇവരുമായി സാംസ്കാരിക വകുപ്പ് ആശയവിനിമയം നടത്തിയതായാണ് വിവരം.