നീതി തേടി....: മുഖ്യമന്ത്രിയെ കാണാൻ ഹർഷിനയും ഐസിയു പീഡനക്കേസ് അതിജീവതയും

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി 9 വർഷമായി ദുരിതം അനുഭവിക്കുന്ന കെ.കെ.ഹർഷിന മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ തിരുവനന്തപുരത്തേക്ക്. തിങ്കളാഴ്‌ചയാണ് ഹർഷിനയും സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയെ കാണുക. നീതി തേടി ആരോഗ്യമന്ത്രി കെ.മുരളീധരനെയും കാണും.2017 നവംബറിൽ ഗവ.മെഡിക്കൽ കോളജ് ആശുപ്രതിയിൽ നടന്ന ശസ്ത്രക്രിയ സമയത്തായിരുന്നു ശസ്ത്രക്രിയാ ഉപകരണം ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത്. തുടർന്ന് 5 വർഷത്തോളം കഠിന വേദന അനുഭവിച്ച ഹർഷിന പിന്നീട് 2022 ൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയായിരുന്നു.തുടർന്ന് നാല് വർഷമായി നീതിക്കായി ഒട്ടേറെ സമരം ചെയ്യുകയും അന്നത്തെ ആരോഗ്യമന്ത്രിക്ക് പലവട്ടം നിവേദനം നൽകുകയും ചെയ്‌തിട്ടും ഫലമുണ്ടായില്ല. കുന്ദമംഗലം കോടതിയിൽ മെഡിക്കൽ കോളജ് ആശുപ്രതിയിലെ 2 ഡോക്‌ടർമാരെയും 2 നഴ്‌സുമാരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
1.95 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് സിവിൽ കോടതിയിൽ നൽകിയ കേസ് ജുലൈ 2 നാണ് പരിഗണിക്കുക. കഴിഞ്ഞ സർക്കാർ വാഗ്‌ദാനം ചെയ്‌ത 2 ലക്ഷം രൂപ ഹർഷിന നിരസിച്ചിരുന്നു. കത്രിക നീക്കം ചെയ്‌തതിനെ തുടർന്ന് നാല് വർഷമായി ചികിത്സയിലുള്ള ഹർഷിന അതിനുശേഷം സ്വകാര്യ ആശുപത്രിയിൽ നിന്ന് 2 ശസ്ത്രക്രിയകൾ നടത്തി. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഓരോ ലക്ഷം രൂപയാണ് തുടർ ചികിത്സയ്ക്കായി ചെലവഴിച്ചത്.കേരളത്തിൻ്റെ മുഖ്യമന്ത്രിയെ പേടി കൂടാതെ കാണാമല്ലോ എന്ന ധൈര്യമാണ് ഇപ്പോഴുള്ളതെന്ന് ഹർഷിന പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെ സമരപ്പന്തൽ പലതവണ സന്ദർശിച്ച വ്യക്തിയാണ് വി ഡി സതീശൻ. എൻ്റെ കഥകളെല്ലാം അദ്ദേഹത്തിന് അറിയാം. അനുഭവിക്കാൻ ഉള്ളതെല്ലാം ഈ ജീവിതത്തിൽ അനുഭവിച്ചു കഴിഞ്ഞു.
ഇനി വേണ്ടത് നീതിയാണ്. ഒപ്പം നഷ്‌ടപരിഹാരവും. ജീവിതം ആകെ തകർന്ന അവസ്ഥയിൽ ഒരു സഹായം ചോദിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. ഒപ്പം തുടരുന്ന നിയമനടപടികളിലും സഹായം ആവശ്യപ്പെടും. കുറ്റക്കാരെ ഇനിയെങ്കിലും ശിക്ഷിച്ചില്ലെങ്കിൽ മറ്റ് പലർക്കും ഈ അവസ്ഥ ഉണ്ടാകുമെന്നും അവർ പറഞ്ഞു
മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്
മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി നൽകും. കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ഡോക്‌ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു. പ്രതി എ.എം.ശശീന്ദ്രനെ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
സംഭവത്തിൽ ഇരയെ ഭീഷണിപ്പെടുത്തിയ ആശുപ്രതിയിലെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചത് സർക്കാർ അനുകൂല റിപ്പോർട്ട് നൽകിയതിനാലാണെന്ന് ആരോപിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. വൈദ്യ പരിശോധന നടത്തിയ ഡോക്‌ടർ കെ.വി. പ്രീത അതിജീവിത പറഞ്ഞ കാര്യങ്ങൾ പൂർണമായും രേഖപ്പെടുത്തിയില്ലന്നും ബന്ധമില്ലാത്ത ജുനിയർ ഡോക്‌ടറുടെ പേരും മൊഴിയും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയെന്നും അതിജീവിത പരാതിപ്പെട്ടിരുന്നു. ഇതിലും നടപടി ഉണ്ടായിട്ടില്ലെന്ന് അതിജീവിത പറഞ്ഞു.സുതാര്യമായ നടപടികൾ ഉണ്ടാകും എന്ന പ്രതീക്ഷയാണ് അവരും പങ്കുവെച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ജനങ്ങൾ ദുരിതമനുഭവിച്ച ഓരോ വിഷയങ്ങളും മുഖ്യ അജണ്ടയായി മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമ്പോൾ ഇരുവരും വലിയ പ്രതീക്ഷയിലാണ്..