അങ്കണവാടി ടീച്ചർക്ക് നേരെ ലൈംഗികാതിക്രമം; പ്രതിഷേധവുമായി വിവിധ രാഷ്‌ട്രീയ സംഘടനകൾ

അങ്കണവാടി ടീച്ചർക്ക് നേരെ ലൈംഗികാതിക്രമം; പ്രതിഷേധവുമായി വിവിധ രാഷ്‌ട്രീയ സംഘടനകൾ

കോഴിക്കോട്:  അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്ത്. അങ്കണവാടി ജീവനക്കാരാണ് ആദ്യം പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്. പെരുവയൽ ഗ്രാമപഞ്ചായത്തലെ മുണ്ടക്കൽ വാർഡ് അംഗവും ആരോപണ വിധേയനുമായ എം എം പ്രസാദ് അടിയന്തരമായി രാജിവെക്കുക എന്ന ആവശ്യം ഉയർത്തിയാണ് അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പൊലീസ് തടഞ്ഞു. അങ്കണവാടി ജീവനക്കാരിക്ക് നീതി ലഭിക്കുന്നതുവരെ സമരരംഗത്ത് ഉണ്ടാകുമെന്ന് ജീവനക്കാരികളുടെ കൂട്ടായ്‌മ അറിയിച്ചിട്ടുണ്ട്. അങ്കണവാടി വർക്കറെ പീഡിപ്പിക്കാൻ ശ്രമം നടത്തയതിൻ്റെ ഭാഗമായാണ് പ്രതിഷേധ സമരം നടത്തിയതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബിത തോട്ടോഞ്ചേരി പറഞ്ഞു. 'ഒരു തരത്തിലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തനമാണ് മെമ്പറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രത്യേകിച്ചും ജാഗ്രതാ സമിതി എന്ന ഒരു സംവിധാനം വാർഡുകളുലും ജില്ലാ പഞ്ചായത്തുകളിലും പ്രവർത്തിക്കുമ്പോൾ' അവർ പറഞ്ഞു. ജാഗ്രതാ സമിത് കണ്‍വീനർ മാരായിട്ടുള്ള അങ്കണവാടി ടീച്ചർക്ക് നേരെയാണ് പീഡനം ഉണ്ടായിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധവുമായി വിവിധ രാഷ്‌ട്രീയ സംഘടനകൾ 

അങ്കണവാടി ജീവനക്കാരുടെ സമരത്തിനുശേഷം യുഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് അകത്ത് കടക്കാൻ ശ്രമിച്ചു. ഇത് ഏറെ നേരം സംഘർഷ സാധ്യത നിലനിർത്തി ഇതോടെ നേതൃത്വം ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. ലൈംഗിക പീഡന പരാതി കൃത്യമായി പഠിച്ച ശേഷമാണ് പ്രതിഷേധ സമരം നടത്തിയതെന്നും സ്വതന്ത്രമായി ജീവിക്കേണ്ട സ്‌ത്രീകൾക്ക് നേരെ ഒരു ജനപ്രതിനിയുടെ ഭഗാത്ത് നിന്ന് ഇങ്ങനെയുണ്ടാകാന പാടുണ്ടോയെന്നും യുഡിവൈഎഫ് നേതാവ് അജീഷ് ചോദിച്ചു.വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഗ്രാമപഞ്ചായത്ത് അംഗം രാജിവെക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടുപോകുമെന്ന് കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചു. തുടർന്ന് യുഡിഎഫ് വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അടിയന്തരമായി ആരോപണ വിധേയനായ ഗ്രാമപഞ്ചായത്ത് അംഗം രാജി വെച്ചില്ലെങ്കിൽ ഇനിയും സമരവുമായി മുന്നോട്ടു പോകും എന്ന്  വനിതാ നേതൃത്വം മുന്നറിയിപ്പ് നൽകി. അതേസമയം പെരുവയൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് അംഗം എം എം പ്രസാദിന് നേരെ ലൈംഗികാതിക്രമ പരാതി ഉയർന്നതോടെ സിപിഐ(എം) കുന്ദമംഗലം ഏരിയ കമ്മറ്റി അടിയന്തര യോഗം ചേർന്ന് പ്രസാദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൂടാതെ ഗ്രാമപഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കാനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏഴാം തീയതിയാണ് അങ്കണവാടി ജീവനക്കാരിക്ക് നേരെ ഗ്രാമപഞ്ചായത്ത് അംഗം ലൈംഗിക അതിക്രമം നടത്തിയത്.

അങ്കണവാടിക്ക് ഉള്ളിൽ കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് അങ്കണവാടി ജീവനക്കാരി കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്.കൂടാതെ മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീല മെസേജുകൾ അയച്ചതായും പരാതിയിൽ പറയുന്നു. ഇതിൻ്റെയെല്ലാം തെളിവുകളും പരാതിക്കാരിയായ അങ്കണവാടി ജീവനക്കാരി പൊലീസിന് കൈമാറി. പരാതി ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.പ്രതി ഒളിവിൽ പോയതോടെ ഇയാളെ പിടികൂടുന്നതിന് ഊർജിതമായ അന്വേഷണം പൊലീസ് ആരംഭിച്ചു. എത്രയും പെട്ടെന്ന് പിടികൂടാൻ ആകും എന്നാണ് പൊലീസ് നൽകുന്ന വിവരം. നിലവിൽ കുന്ദമംഗലം ഏരിയ കമ്മറ്റി അംഗമാണ് ആരോപണ വിധേയനായ എം എം പ്രസാദ്. കൂടാതെ സിപിഐഎം മുൻ പൂവാട്ടുപറമ്പ് ലോക്കൽ സെക്രട്ടറി കൂടിയായിരുന്നു .