കേരള നിയമസഭയിൽ ഭാഷാ വൈവിധ്യം നിറഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങ്

തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ഭാഷകളുടെ വൈവിധ്യവും ശ്രദ്ധേയമായി. നാലുഭാഷകളിലായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളാണ് സത്യപ്രതിജ്ഞാ വേളയില്‍ നിയമസഭയില്‍ മുഴങ്ങിയത്.മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്. ഇടുക്കിയിലെ ദേവികുളം എംഎല്‍എ എഫ് രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബു, പാലാ എംഎല്‍എ മാണി സി. കാപ്പന്‍, മന്ത്രിമാരായ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവര്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.ശേഷിക്കുന്ന അംഗങ്ങള്‍ മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്തു. ഫിഷറീസ് മന്ത്രിയും മുസ്ലിം ലീഗിന്റെ കളമശ്ശേരിയില്‍ നിന്നുള്ള എംഎല്‍എയുമായ വി.ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന മുഴുവന്‍ പേരും ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. 'ജയ്ഹിന്ദ്, ജയ് സംവിധാൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. കെ.എൻ ബാലഗോപാൽ, വി.ടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഊഷ്മളമായി വരവേറ്റു. പ്രോടേം സ്പീക്കർ ജി സുധാകരന് ഹസ്തദാനം നൽകിയാണ് പിണറായി മടങ്ങിയത്.