കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഭരണഘടനാപരമായ ചട്ടങ്ങൾ പാലിച്ച് ഇന്ന് സഭയിൽ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം നിയമസഭയുടെ നാഥനായി ചുമതലയേറ്റത്. പ്രോടേം സ്പീക്കറായിരുന്ന ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി വിജയിച്ച  ജി സുധാകരൻ പുതിയ സ്പീക്കർ ചുമതലയേറ്റതോടെ പ്രോടേം സ്പീക്കർ പദവിയിൽ നിന്നും ഒഴിഞ്ഞു. 140 അംഗ നിയമസഭയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് 102 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്.

സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് മുന്നണികളും സ്വന്തം സ്ഥാനാർഥികളെ നിർത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി എസി മൊയ്തീനും എൻഡിഎ സ്ഥാനാർഥിയായി ബിബി ഗോപകുമാറുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.എ.സി. മൊയ്തീന് 35 വോട്ടുകളും,ബി.ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു.രാവിലെ ഒൻപതിന് തന്നെ സഭ നടപടികൾ ആരംഭിച്ചു. പ്രോടെം സ്പീക്കർ ജി സുധാകരൻ സഭ നിയന്ത്രിച്ചു. അദ്ദേഹത്തിൻ്റെ അധ്യക്ഷതയിലാണ് സുപ്രധാന തെരഞ്ഞെടുപ്പ് പ്രക്രിയകളിലേക്ക് ഔദ്യോഗികമായി കടന്നത്. മൂന്ന് സ്ഥാനാർഥികളുടെയും പേരുകൾ കൃത്യമായി അച്ചടിച്ച പ്രത്യേക ബാലറ്റ് പേപ്പറുകൾ എല്ലാ സഭാംഗങ്ങൾക്കും വിതരണം ചെയ്തു. രഹസ്യ സ്വഭാവം ഉറപ്പാക്കാൻ സ്പീക്കറുടെ ഇരിപ്പിടത്തിന് ഇരുവശത്തുമായി രണ്ട് പ്രത്യേക പോളിങ് ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഇവിടെയെത്തിയാണ് ഓരോ അംഗങ്ങളും അതിവേഗം വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഗുണന ചിഹ്നമിട്ടാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടിയിരുന്നത്.

ആദ്യം വോട്ട് ചെയ്ത് മുഖ്യമന്ത്രി

സ്പീക്കർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് മറ്റ് മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ നിരയിലുള്ളവരും പങ്കെടുത്തു. സ്പീക്കറുടെ മേശയിലുള്ള പെട്ടിയിൽ അംഗങ്ങൾ ബാലറ്റ് പേപ്പർ നിക്ഷേപിച്ചു. സഭയിലെ എല്ലാവരും വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചു.നിയമസഭാ സെക്രട്ടറിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടന്നത്. മൂന്ന് മുന്നണികളുടെയും ചുമതലയുള്ള പോളിങ് ഏജൻ്റുമാർ ഇതിന് സാക്ഷ്യം വഹിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കി ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 

തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ സഭയിലെ മുഴുവൻ ജനപ്രതിനിധികളും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സീറ്റിലെത്തി അദ്ദേഹത്തെ നേരിട്ട് അഭിനന്ദിച്ചു. തുടന്ന് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിന്റെ കൈകൾ പിടിച്ച് സഭയുടെ മുൻനിരയിൽ നിന്നും സ്പീക്കറുടെ ഔദ്യോഗിക കസേരയിലേക്ക് ആനയിക്കുകയായിരുന്നു. പ്രോടേം സ്പീക്കർ ജി. സുധാകരനെ ആലിംഗനം ചെയ്ത ശേഷം തിരുവഞ്ചൂർ സ്പീക്കർ പദവിയിൽ ഉപവിഷ്ടനായി. തുടർന്ന് സുധാകരൻ സഭയിലെ തന്റെ സാധാരണ സീറ്റിലേക്ക് മടങ്ങി.തിരുവഞ്ചൂർ രാധാകൃഷ്ണന് നിയമസഭയിൽ മൂന്ന് പതിറ്റാണ്ടിലേറെയുള്ള പാർലമെന്ററി പരിചയമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ അനുമോദന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് തുടങ്ങിയ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന തിരുവഞ്ചൂർ വിവിധ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കൈകാര്യം ചെയ്ത സുപ്രധാന വകുപ്പുകളെക്കുറിച്ചും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകളോട് പൂർണ്ണമായി യോജിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പുതിയ സ്പീക്കർ സഭയുടെ കാവലാളായും സഭയുടെ പൊതുശബ്ദമായും പ്രവർത്തിക്കുമെന്ന് പ്രത്യാശിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി മാനിച്ചുകൊണ്ട് മാത്രമേ സ്പീക്കർക്ക് സഭയുടെ പൊതുശബ്ദമാകാൻ കഴിയൂ എന്നും ജനാധിപത്യപരമായ രീതിയിലുള്ള സഭാ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ പൂർണ്ണമായ പിന്തുണ ഉറപ്പുനൽകുന്നതായും പിണറായി വിജയൻ വ്യക്തമാക്കി. മന്ത്രി പികെകുഞ്ഞാലിക്കുട്ടി, കെ രാജൻ, ബിജെപി പ്രതിനിധി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും തിരുവഞ്ചൂരിനെ അനുമോദിച്ചു. തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ എല്ലാവർക്കും തുല്യ അവസരം നൽകണമെന്ന് ബിജെപി അംഗങ്ങൾക്ക് വേണ്ടി രാജീവ് ചന്ദ്രശേഖർ സ്പീക്കറോട് അഭ്യർത്ഥിച്ചു

സമ്പന്നമായ രാഷ്ട്രീയ ജീവിതം

നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ് തിരുവഞ്ചൂർ. കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന്  വിജയിച്ചിട്ടുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

സംഘടനയെ അടിത്തട്ടിൽ ശക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ഏറ്റവും മികച്ച ആഭ്യന്തരമന്ത്രിയായും റവന്യു മന്ത്രിയായും അദ്ദേഹം തിളങ്ങി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിശ്വാസത്തിലെടുക്കാൻ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ശക്തമായ തീരുമാനങ്ങളെടുക്കാനും മികച്ച രീതിയിൽ സഭയെ നയിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഈ അനുഭവപരിചയമാണ് തിരുവഞ്ചൂരിനെ നിയമസഭയുടെ പരമോന്നത പദവിയിൽ എത്തിച്ചത്. സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തനത്തിനായി കേരള ജനത മികച്ച പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.